National
ഭുവനേശ്വർ: ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിന്റെയും മക്കളുടെയും രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്. 1999 ജനുവരി 22ന് ഒഡീഷയിലെ കിയോൺജാർ ജില്ലയിൽപ്പെട്ട മനോഹർപുർ ഗ്രാമത്തിലായിരുന്നു ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.
മനോഹർപുർ ഗ്രാമത്തിൽ വാർഷിക പ്രാർഥനാസമ്മേളനത്തിനും മെഡിക്കൽ ക്യാന്പിനുമായി മക്കളായ പത്തു വയസുകാരൻ ഫിലിപ്പിനും ആറു വയസുകാരൻ തിമോത്തിക്കുമൊപ്പം എത്തിയതായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. അതിശൈത്യം കാരണം ഒഡീഷയിലെതന്നെ ബാരിപഡയിലെ വീട്ടിലേക്കു മടങ്ങാതെ അന്ന് അവർ അവിടുത്തെ ചെറിയ പള്ളിക്കുപുറത്ത് തങ്ങളുടെ ജീപ്പിൽ കിടന്നുറങ്ങാമെന്നു തീരുമാനിച്ചു.
ഊട്ടിയിലെ സ്കൂളിൽ പഠിക്കുകയായിരുന്ന ഫിലിപ്പ് അവധിക്കു വന്നതായിരുന്നു. എങ്കിലും അവനും അനുജനും സുവിശേഷ പ്രവർത്തനത്തിനുള്ള അപ്പന്റെ യാത്രയിൽ ഒപ്പം കൂടി. അമ്മ ഗ്ലാഡിസും സഹോദരി എസ്തറും ബാരിപഡയിലെ വീട്ടിലായിരുന്നു. അപ്പനും മക്കളും ഉറക്കമായി.
പക്ഷേ, ഇരുട്ടിന്റെ മറവിൽ കുപ്രസിദ്ധ കുറ്റവാളിയായ ദാരാസിംഗിന്റെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന ഒരു സംഘം വർഗീയവാദികൾ അവിടെയെത്തി കോടാലികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ജീപ്പിന്റെ ചില്ലുകൾ പൊട്ടിച്ചശേഷം തീയിടുകയായിരുന്നു. ദേഹത്ത് ആളിപ്പടർന്ന തീയുമായി സ്റ്റെയിൻസും മക്കളും ജീപ്പിനു പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പുറത്തുനിന്നവർ അവരെ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് അകത്തേക്കു തള്ളിയിട്ടു. ജീപ്പിനുള്ളിലെ മരണവെപ്രാളം ഏറെ താമസിയാതെ നിലച്ചു. 23ന് പോലീസ് മൃതദേഹം പുറത്തെടുക്കുന്പോൾ അവർ പരസ്പരം ആലിംഗനം ചെയ്തവിധമാണു കരിഞ്ഞിരുന്നത്.
1965ൽ ഇന്ത്യയിലെത്തിയ സ്റ്റെയിൻസ് ഇവാഞ്ചലിക്കൽ മിഷണറി സൊസൈറ്റി ഓഫ് മയൂർബഞ്ചിൽ അംഗമാകുകയും മയൂർബഞ്ച് ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചുവരികയുമായിരുന്നു. തന്റെ ഭർത്താവിനെയും മക്കളെയും കൊന്നവരോടു താൻ ക്ഷമിച്ചിരിക്കുന്നെന്നും തനിക്കാരോടും വെറുപ്പില്ലെന്നും ഗ്ലാഡിസ് പിന്നീട് പറഞ്ഞത് ലോകമാകെ ആശ്ചര്യത്തോടെയാണു ശ്രവിച്ചത്.
സംഭവത്തിൽ ആദ്യം 51 പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സിബിഐ അന്വേഷണമേറ്റെടുത്തു. മുഖ്യപ്രതി ദാരാസിംഗ് അടക്കം 14 പേരെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചു. പിന്നീട് ഒഡീഷ ഹൈക്കോടതി 11 പേരെ കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. മുഖ്യപ്രതി ദാരാസിംഗിനു വധശിക്ഷയാണു വിധിച്ചതെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറച്ചു.
Viral
ഭുവനേശ്വറിലെ തിരക്കേറിയ ട്രാഫിക് ജംഗ്ഷനെ നടുക്കിയ ദാരുണമായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രൂപാലി സ്ക്വയറിൽ ഉണ്ടായ അപകടത്തിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സിഗ്നലിൽ ചുവപ്പ് സിഗ്നൽ കണ്ട് മുന്നിലുള്ള സ്കൂൾ ബസിന് പിന്നിലായി നിർത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം ബസ് പുറകിൽ നിന്ന് ഓട്ടോയെ ശക്തമായി ഇടിച്ചു.
രണ്ട് വലിയ വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ ഓട്ടോറിക്ഷ പൂർണമായും തകർന്ന് മാരകമായി പരിക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്കൂൾ ബസിന് നേരിയ ആഘാതം ഏറ്റെങ്കിലും അതിലുണ്ടായിരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന് തൊട്ടുപിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും വാഹനം ഉപേക്ഷിച്ച് ഒളിവിൽ പോയത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് കാരണമായി.
സർക്കാർ ബസുകളുടെ അമിതവേഗതയും അശ്രദ്ധയും നഗരത്തിൽ പതിവാകുന്നുവെന്ന് ആരോപിച്ച് ജനങ്ങൾ സംഘടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ ശാന്തരാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു. തകർന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഒളിവിൽ പോയ ബസ് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഭുവനേശ്വർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.